
മദ്രാസിലെ വിജയവാഹിനി സ്റ്റുഡിയോയില്‍ ‘ശാലിനി എന്‍െറ കൂട്ടുകാരി’യുടെ തമിഴ് റീമേക്കായ ‘സുജാത’യുടെ എഡിറ്റിങ് നടക്കുമ്പോഴാണ് നെടുമുടി വേണു ആദ്യമായി എന്നെ കാണാന്‍ വരുന്നത്. എഡിറ്റിങ് നടക്കുമ്പോള്‍ എഡിറ്റിങ് റൂമില്‍ ലൈറ്റുകള്‍ അണച്ചിടുകയാണ് പതിവ്. മൂവിയോളയില്‍ റിഫ്ളക്ഷന്‍ ഉണ്ടാകാതിരിക്കാനാണത്. ആരെങ്കിലും വരുമ്പോള്‍ മാത്രം ലൈറ്റിടും. റൂമില്‍ അപ്പോള്‍ എഡിറ്റിങ് അസിസ്റ്റന്‍റ്സ്, എഡിറ്റര്‍, സംവിധാന സഹായികള്‍ അങ്ങനെ മൂന്നുനാലു പേരുണ്ട്. സ്റ്റുഡിയോയിലേക്കുവന്ന് സ്വയം പരിചയപ്പെടുത്തിയ വേണുവിനോട് ഞാന്‍ ‘ഹായ്’എന്നോ മറ്റോ പറഞ്ഞ് എഡിറ്റിങ്ങിലേക്ക് തിരിച്ചുപോയി. വേണു അപ്പോള്‍തന്നെ പോയോ അതോ കുറെനേരംകൂടി അവിടെ നിന്നോ എന്നുപോലും ഞാന്‍ ശ്രദ്ധിച്ചില്ല.
എന്‍െറയടുത്തേക്ക് വേണുവിനെ പറഞ്ഞയച്ച ജോണിനോട് പ്രതികരണം നിരാശാജനകമായിരുന്നു എന്ന് വേണു പറഞ്ഞിരുന്നു. ഈയടുത്ത് എറണാകുളത്തു നടന്ന ‘ഭരതന്‍ അനുസ്മരണ’ത്തില്‍വെച്ച് പ്രസംഗിക്കവേ ഇക്കാര്യം വീണ്ടും സൂചിപ്പിച്ചു വേണു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഒരു സംവിധായകനെ താന്‍ അങ്ങോട്ടു ചെന്നു കണ്ടിട്ടുള്ളൂ എന്നും ആ കൂടിക്കാഴ്ച വളരെ വേദനാജനകമായിരുന്നു എന്നുമാണ് അന്ന് വേണു പറഞ്ഞത്. വേണുവിനെ കണ്ടമാത്രയില്‍തന്നെ ‘‘ഇതുതന്നെയാണ് എന്‍െറ സേവ്യര്‍’’ എന്നു ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. പക്ഷേ, വേണുവിനോട് ഒന്നും പറഞ്ഞതുമില്ല. ‘വിടപറയും മുമ്പേ’ എന്ന സിനിമയുടെ കഥ ജോണ്‍പോളിന്‍േറതാണ്. സേവ്യര്‍ എന്ന കഥാപാത്രം വേണുവിന്‍െറ കൈകളില്‍ ഭദ്രമായിരിക്കും എന്നു സൂചിപ്പിച്ചതും ജോണ്‍തന്നെ. മലയാളത്തിലെ പല നടീനടന്മാരുമായും അന്നെനിക്ക് വലിയ ബന്ധമില്ലായിരുന്നു. യഥാര്‍ഥത്തില്‍ മദ്രാസ്സിനിമയുടെ ഭാഗമായിരുന്നു ഞാന്‍. അങ്ങനെയാണ് ജോണ്‍ നിര്‍ദേശിച്ച അഭിനേതാവിനെ കാണണമെന്ന് തീരുമാനിച്ചത്. അതനുസരിച്ചായിരുന്നു ഞാനും വേണുവും തമ്മിലുള്ള കൂടിക്കാഴ്ച.
‘വിടപറയും മുമ്പേ’ എന്ന സിനിമയിലെ സേവ്യര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കി വേണു. മഹാരോഗം ഉണ്ടെന്ന വിവരം ആരെയും അറിയിക്കാതെ, എല്ലാവരോടും കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന സേവ്യര്‍ പ്രേക്ഷകരുടെ ഹൃദയത്തിലും നൊമ്പരമുണര്‍ത്തി. ആ സിനിമയിലെ ഗാനങ്ങള്‍ എഴുതിയത് കാവാലം നാരായണപ്പണിക്കരും സംഗീതസംവിധാനം നിര്‍വഹിച്ചത് എം.ബി. ശ്രീനിവാസനുമായിരുന്നു. അതുവരെ എന്‍െറ സിനിമകള്‍ക്ക് ഈണംപകര്‍ന്നത് എം.എസ്. വിശ്വനാഥന്‍, ശ്യാം, ദേവരാജന്‍ മാഷ് എന്നിവരായിരുന്നു.
കഥാകൃത്തിനൊപ്പം ഇരുന്ന് തിരക്കഥ എഴുതുന്നതായിരുന്നു എന്‍െറ രീതി. ജോണിന്‍െറ തിരക്കുകളും എന്‍െറ അസൗകര്യങ്ങളുംമൂലം അങ്ങനെ തിരക്കഥാരചന നീണ്ടുനീണ്ട് പോയി. ഷൂട്ടിങ് അടുത്തിട്ടും തിരക്കഥ പൂര്‍ത്തിയാകാത്തതിന്‍െറ വേവലാതി എന്നെ പിടികൂടിയിരുന്നു. തിരക്കഥ പൂര്‍ണമായതിനുശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്‍െറ ശീലം. ഒരു സംവിധായകനും ഒരിക്കലും അവലംബിക്കരുതാത്ത രീതി പരീക്ഷിക്കാന്‍ ഞാന്‍ ഒടുവില്‍ നിര്‍ബന്ധിതനായി. ചിത്രത്തിലെ ഓഫിസ് സീനുകളുടെ സ്ക്രിപ്റ്റ് മാത്രമാണ് ഞാന്‍ ആദ്യം തയാറാക്കിയത്. ആ സീനുകള്‍ മാത്രം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. മദ്രാസിലെ ചോള ഷെറാട്ടിണിന് തൊട്ടടുത്തുള്ള ഹോട്ടല്‍ മാരീസിലായിരുന്നു ഓഫിസിന്‍െറ സെറ്റ് ഒരുക്കിയിരുന്നത്. ഏതെങ്കിലും സ്റ്റുഡിയോയിലാണ് സെറ്റിടുന്നതെങ്കില്‍ റീഷൂട്ട് ചെയ്യേണ്ടിവരുകയാണെങ്കില്‍പോലും സെറ്റ് അവിടെത്തന്നെ കാണും. ഹോട്ടലിലെ സെറ്റ് അപ്പോള്‍ത്തന്നെ പൊളിച്ചുനീക്കും. പിന്നീട് ആവശ്യമുണ്ടായാല്‍ മൊട്ടുസൂചി മുതല്‍ കര്‍ട്ടന്‍ വരെയുള്ള സാധനങ്ങളില്‍ കണ്ട്വിനിറ്റി നിലനിര്‍ത്തിക്കൊണ്ട് സെറ്റിടുക പ്രായോഗികമല്ല. ഇത്തരം ആശങ്കകളെല്ലാം ഉണ്ടായിരുന്നുവെങ്കിലും ആ സിനിമയില്‍ ഒരു സീന്‍പോലും വീണ്ടും ചിത്രീകരിക്കേണ്ടിവന്നില്ല. മനസ്സിലുള്ള തിരക്കഥ അത്രത്തോളം പക്കാ ആയിരുന്നതുകൊണ്ടാകാം.
നസീര്‍ സാര്‍, ലക്ഷ്മി, വേണു, ഗോപി എന്നിവര്‍ക്കെല്ലാം തുല്യപ്രാധാന്യമുള്ള റോളുകളുണ്ടായിരുന്നു സിനിമയില്‍. എന്‍െറ സിനിമയില്‍ ആദ്യമായും അവസാനമായും നസീര്‍സാര്‍ അഭിനയിച്ച സിനിമകൂടിയായിരുന്നു ‘വിടപറയും മുമ്പേ’. ഭരത് ഗോപിയും എന്‍െറ സംവിധാനത്തില്‍ ആദ്യമായി അഭിനയിക്കുകയായിരുന്നു. കുറച്ച് എക്സന്‍ട്രിക് ആയ ഡോക്ടറുടെ റോളില്‍. ആ റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് വേണു, ഗോപിയുടെ പേര് നിര്‍ദേശിക്കുന്നത്. സിനിമയില്‍ സ്ഥിരം കാണുന്ന മുഖങ്ങള്‍ക്കുപകരം വ്യത്യസ്തതയുള്ള ആരെങ്കിലും വേണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ‘കൊടിയേറ്റ’ത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഭരത് അവാര്‍ഡ് നേടിയെങ്കിലും ആര്‍ട്ട് സിനിമകളായിരുന്നു മുഖ്യതട്ടകം എന്നതുകൊണ്ടുതന്നെ എണ്ണത്തില്‍ വളരെ കുറവ് സിനിമകളില്‍ മാത്രമേ ഗോപി അഭിനയിച്ചിരുന്നുള്ളൂ. വേണുവാണ് അദ്ദേഹത്തെ വിളിച്ചത്. ‘‘മോഹന്‍ കച്ചവടസിനിമയുടെ ആളല്ലേ’’ എന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യപ്രതികരണം. എന്തായാലും ഗോപി മദ്രാസിലെത്തി. മദ്രാസിലെ വുഡ്ലാന്‍റ്സ് ഹോട്ടലിലായിരുന്നു വേണു, ഗോപി തുടങ്ങിയവരുടെ താമസം.
ആദ്യദിവസംതന്നെ നസീര്‍-ഗോപി കോമ്പിനേഷന്‍ സീനാണ് എടുക്കേണ്ടത്. തലേന്നുതന്നെ ഗോപി ഇതോര്‍ത്ത് വേവലാതിപ്പെട്ടുകൊണ്ടിരുന്നു. നസീര്‍സാര്‍ തന്നെ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ താന്‍ പ്രതികരിക്കുമെന്ന് വേണുവിന് മുന്നറിയിപ്പ് നല്‍കി. നസീര്‍സാറിനെ ഗോപിക്ക് പരിചയമില്ല. അദ്ദേഹത്തിന്‍െറ നിഷ്കപടതകൊണ്ട് പറഞ്ഞതാണ് ഇതെല്ലാം. സൂപ്പര്‍സ്റ്റാര്‍ എന്ന പദം അന്ന് പ്രചാരത്തിലില്ലെങ്കിലും ഇന്നത്തെ നിലക്ക് സൂപ്പര്‍സ്റ്റാറെന്നോ മെഗാസ്റ്റാറെന്നോ വിളിക്കാവുന്ന നിലയിലായിരുന്നുവല്ലോ നസീര്‍സാര്‍. താന്‍ മികച്ച നടനാണെന്നും മറ്റാരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ലെന്നും വിശ്വസിച്ചിരുന്നു ഗോപി. നസീര്‍സാര്‍ അഹങ്കാരപൂര്‍വം പെരുമാറുമെന്നൊരു മിഥ്യാധാരണ ഗോപിക്കുണ്ടായിരുന്നു. എന്നാല്‍, വേണുവിനറിയാമായിരുന്നു ഈ രണ്ടു നടന്മാര്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന്.
പിറ്റേന്ന് കാലത്ത് നസീര്‍സാര്‍ ലൊക്കേഷനിലെത്തി. ഗോപിയെ കണ്ടതും വളരെക്കാലമായി പരിചയമുള്ള സുഹൃത്തിനോടെന്നപോലെ സംസാരിക്കാന്‍ തുടങ്ങി. ഗോപിയുടെ ജാതകം വരെ ഹൃദിസ്ഥമാക്കിയിട്ടാണ് നസീര്‍സാറിന്‍െറ വരവ്. ജീവിതത്തില്‍ ആദ്യമായാണ് രണ്ടു ചിറയിന്‍കീഴുകാര്‍ തമ്മില്‍ കണ്ടുമുട്ടുന്നതെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അമ്പരന്നുപോയത് ഗോപിയാണ്. ഒരു സൂപ്പര്‍സ്റ്റാറിനിത്ര വിനയമോ? അന്ന് ഉച്ചയൂണിന് ഗോപിയെയും കൂട്ടിയാണ് നസീര്‍സാര്‍ സ്വന്തം വീട്ടിലേക്ക് യാത്രതിരിച്ചത്.
ഒരു നയതന്ത്രവിശാരദന്‍ ആയിരുന്നു നസീര്‍സാര്‍. ആരെയും പിണക്കാത്ത സ്വഭാവം. എത്ര തിരക്കുണ്ടായാലും ഒരാളെയും വെറുപ്പിക്കാതെ പരമാവധി സിനിമകളില്‍ അഭിനയിക്കും. പലപ്പോഴും സംവിധായകര്‍ക്കാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുക. ‘വിടപറയും മുമ്പേ’യിലും എനിക്ക് അങ്ങനെ ഒരു അനുഭവമുണ്ടായി. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് എന്നെ കാണണമെന്നുപറഞ്ഞ് നസീര്‍സാര്‍ ആളയച്ചു. മഹാലിംഗപുരത്ത് ഞാന്‍ താമസിക്കുന്ന ലേഡി മാധവന്‍ നായര്‍ സ്ട്രീറ്റിന് തൊട്ടടുത്ത സ്ട്രീറ്റിലാണ് അദ്ദേഹം താമസിക്കുന്നത്. ഷൂട്ടിങ് അടുക്കുമ്പോള്‍ ഒരു സംവിധായകന് സ്വാഭാവികമായും ഉണ്ടാകുന്ന തിരക്കുകള്‍ക്കു പുറമെ തീയതി അടുത്തിട്ടും തിരക്കഥ പൂര്‍ത്തിയാകാത്ത ടെന്‍ഷനുമുണ്ട് എനിക്ക്. അന്ന് എന്നെ കാണണമെന്നാവശ്യപ്പെട്ട് ആളെ അയച്ചപ്പോള്‍ തന്നെ എനിക്ക് ഊഹിക്കാമായിരുന്നു, ഡേറ്റിന്‍െറ കാര്യത്തില്‍ എന്തോ അദ്ദേഹത്തിന് പറയാനുണ്ടെന്ന്. അതിന്‍െറ നീരസം എന്‍െറ മുഖത്തു പ്രകടമായിരുന്നുതാനും. ഞാന്‍ നസീര്‍സാറിന്‍െറ വീട്ടിലെത്തുമ്പോള്‍ നവോദയായുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആനന്ദ് വരാന്തയില്‍തന്നെ നില്‍പുണ്ട്. ഒരു വെളുത്ത ഫിയറ്റ് കാറാണ് അന്നെനിക്കുള്ളത്. പൊടിപിടിച്ച വെളുത്ത കാറില്‍നിന്ന് ഇറങ്ങിവന്ന എന്നോട് ‘‘ഒരു കലാകാരന് ശരിക്കും ചേരുന്ന കാറുതന്നെ’’എന്നു പറഞ്ഞു ആനന്ദ്. അതു കാര്യമാക്കാതെ ഞാന്‍ അകത്തേക്കു കയറിപ്പോയി.എന്നെ കാത്തിരിക്കുകയായിരുന്നു നസീര്‍സാര്‍.
“നവോദയ പുതിയ സിനിമ തുടങ്ങുന്നു. മോഹനു തന്ന ഡേറ്റിന്‍െറ കാര്യത്തില്‍ ഒരു ചെറിയ മാറ്റംവരുത്തിയാല്‍ മാത്രമേ അവര്‍ക്ക് ഡേറ്റ് നല്‍കാനാവൂ. ഞാനില്ലാതെ ഒരു സിനിമ തുടങ്ങുന്ന വഴക്കം നവോദയാക്കില്ല എന്നറിയാമല്ലോ..” ആദ്യഷെഡ്യൂളില്‍ പത്തു ദിവസമാണ് അദ്ദേഹത്തില്‍നിന്ന് ഞാന്‍ വാങ്ങിയിട്ടുള്ളത്. അപ്പോള്‍ത്തന്നെ ആവശ്യത്തിനു പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാകണം ഇതുകേട്ട് എനിക്ക് ദേഷ്യമാണ് വന്നത്. “സാര്‍ നല്ല മാനിപുലേറ്റര്‍ ആണല്ലോ… കാര്യങ്ങള്‍ തീരുമാനിച്ച് എന്നെ അറിയിച്ചാല്‍ മതി” എന്നു പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നു. എങ്കിലും ഷൂട്ടിങ് തുടങ്ങി മൂന്നുനാലു ദിവസങ്ങള്‍ക്കുള്ളില്‍ സീനുകള്‍ ചിത്രീകരിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കാന്‍ എനിക്കു സാധിച്ചു. അന്ന് ഷൂട്ടിങ് നീട്ടിവെക്കേണ്ടി വന്നിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായേനെ. ഞാന്‍ ‘മാനിപുലേറ്റര്‍’ എന്നു വിളിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചിരിക്കാം. പക്ഷേ, അത്യന്തം ഹൃദയവിശാലതയുള്ള മനുഷ്യനായിരുന്നു നസീര്‍സാര്‍. എന്നാല്‍, അദ്ദേഹത്തില്‍നിന്നു വാങ്ങിച്ച പത്തു ദിവസങ്ങള്‍ മുഴുവന്‍ പിടിച്ചുവെച്ചിരുന്നുവെങ്കില്‍ ആ ബന്ധം വഷളാക്കാന്‍ മാത്രമേ അതുപകരിക്കുമായിരുന്നുള്ളൂ.
സൂപ്പര്‍ഹിറ്റായ സിനിമയായിരുന്നു ‘വിടപറയും മുമ്പേ’. എറണാകുളത്തെ ലുലു-മൈമൂണ്‍ തിയറ്റര്‍സമുച്ചയത്തിലെ ലുലുവിന്‍െറ ഉദ്ഘാടനചിത്രമായാണ് ‘വിടപറയും മുമ്പേ’ റിലീസ് ചെയ്തത്. ഉദ്ഘാടനത്തിനുവേണ്ടി മാത്രം ഒരു പ്രിന്‍റ് എടുത്ത് റിലീസ് ചെയ്യണമെന്നായിരുന്നു തിയറ്റര്‍ ഉടമകളുടെ ആഗ്രഹം. ഏറെ ആശങ്കകളോടെയാണ് ഞങ്ങള്‍ അങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ആ തിയറ്ററില്‍ സിനിമയുടെ കലക്ഷന്‍ കുറഞ്ഞാല്‍ പിന്നെ ആ സിനിമ പരാജയപ്പെട്ടതായാണ് കണക്കാക്കപ്പെടുക. ആത്മഹത്യാപരമായ ഒരു തീരുമാനമായിരുന്നുവെ ങ്കിലും ഒരു പരീക്ഷണത്തിനു തയാറാവുകയായിരുന്നു ഞങ്ങള്‍. എന്നാല്‍, ഞങ്ങള്‍ പ്രകടിപ്പിച്ച ആത്മാര്‍ഥത തിരിച്ചുനല്‍കിയില്ല തിയറ്റര്‍ ഉടമ. ചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം വലിയ ആവേശവും സന്തോഷവും നല്‍കുന്ന പ്രതികരണമായിരുന്നു ജനങ്ങളുടേത്. തിയറ്ററില്‍ തകര്‍ത്തോടിയ പടത്തിന്‍െറ നൂറാം ദിവസം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി 95ാം ദിവസം ചിത്രം തിയറ്ററില്‍നിന്ന് പിന്‍വലിക്കപ്പെട്ടത്. വിതരണക്കാരും തിയറ്റര്‍ ഉടമയും തമ്മിലുള്ള വഴക്കില്‍ ബലിയാടായത് സിനിമയായിരുന്നു. ചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം സംഭവം വലിയ നിരാശയും വേദനയുമുളവാക്കി. നൂറാം ദിവസം സമ്മാനിക്കുന്നതിനുള്ള ഷീല്‍ഡുകള്‍പോലും തയാറാക്കപ്പെട്ടിരുന്നു. ഞങ്ങള്‍ ഓഫിസായി ഉപയോഗിച്ചിരുന്ന മഹാലിംഗപുരത്തെ ഫ്ളാറ്റിന്‍െറ വരാന്തയിലെ മൂലയില്‍ ഏറെക്കാലം പൊടിപിടിച്ച് കിടപ്പുണ്ടായിരുന്നു നൂറാംദിനാഘോഷത്തിനായി തയാറാക്കിയ ആ ഷീല്‍ഡുകള്‍.
No comments yet.
Leave a Comment