17
Dec

ഭരത് ഗോപി: അഭിനയ പൂർണ്ണതയുടെ മറുവാക്ക്

മൂവീ സ്‌ട്രോക്‌സ്-ഒളിമങ്ങാത്ത താരങ്ങള്‍-3 | വിജയകൃഷ്ണന്‍ എഴുതുന്നു.

ഗോപിനാഥൻ  നായർ എന്നാണ് പേര്. നാടകത്തിലായിരുന്നു ഭ്രമം. ജി.ശങ്കരപ്പിള്ള പ്രസാധന എന്ന നാടകസമിതിയുണ്ടാക്കിയപ്പോൾ അതിന്റെ ഭാഗമായി. അപ്പോൾ പേരൊന്നു പരിഷ്കരിച്ചു. പ്രസാധന ഗോപിയായി. ‘സ്വയംവരത്തി’ലൂടെ സിനിമയിൽ കാൽ വച്ചു. അപ്പോൾ വെറും ഗോപിയായി. ‘കൊടിയേറ്റ’ത്തിലൂടെ ദേശീയ അവാർഡ് നേടി. വ്യക്തികളും പത്രങ്ങളും അദ്ദേഹത്തെ കൊടിയേറ്റം ഗോപി എന്ന് വിളിക്കാൻ തുടങ്ങി. അതദ്ദേഹത്തിന് അരോചകമായിത്തോന്നി. അടൂരുമായുണ്ടായ അകൽച്ച അതിനൊരു ഹേതുവായിരുന്നിരിക്കാം. ദേശീയ അവാർഡ് ലഭിച്ചപ്പോൾ പലരും ഭരത് ഗോപി  എന്ന് സംബോധന ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം ഗസറ്റിൽക്കൊടുത്ത്  ആ പേരങ്ങു സ്വന്തമാക്കി. വാശിക്കാരനായിരുന്നു. അഭിമാനത്തിന് ക്ഷതം പറ്റി  എന്ന് തോന്നിയാൽ ഒരു നിമിഷം അവിടെ നില്ക്കില്ല .

ഗോപിയെ ഞാനാദ്യം കാണുന്നത് ‘സ്വയംവര’ത്തിൽത്തന്നെയാണ്. തന്നെ പുറത്താക്കിയ മരക്കടയുടെ അടഞ്ഞ ഗേറ്റിൽ  പിടിച്ച് ഉള്ളിലേക്ക് നോക്കിനില്ക്കുന്ന ആ രൂപം! എന്തെന്തു ഭാവങ്ങളാണ് ആ ഒറ്റ നില്പിൽ മുഖത്തുവന്ന് അലയടിച്ചു മറയുന്നത്! ക്രോധം,നിസ്സഹായത, നിരാശ, മോഹഭംഗം, പ്രതികാരവാഞ്ഛ അങ്ങനെയങ്ങനെ.ആ ഒറ്റ ഷോട്ടിൽ നിന്ന് ഗോപിയുടെ സാധ്യതകളെ ആദ്യം മനസ്സിലാക്കിയെടുത്തത് അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ്. അതുകൊണ്ടാണല്ലോ തന്റെ അടുത്ത ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കാനൊരുമ്പെട്ടത്.

ടെലിവിഷന്‍ ശില്‍പശാലയില്‍ നിരൂപകന്‍ എം എഫ് തോമസ്, ഭരത് ഗോപി, ശ്രീകൃഷ്ണദാസ്, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ // Source: MovieMangalam

‘സ്വയംവര’ത്തിനും ‘കൊടിയേറ്റ’ത്തിനുമിടയ്ക്കുള്ള കാലയളവിലാണ് ഞാൻ ഗോപിയുമായി സൗഹൃദത്തിലാവുന്നത്. ആദ്യം നേരിൽ കണ്ടത് സ്റ്റേജിലാണ്. അടൂർ സംവിധാനം ചെയ്ത ‘വെയ്റ്റിങ് ഫോർ ഗോദോ ‘ എന്ന നാടകത്തിൽ. തിരുവനന്തപുരത്തെ ഹസ്സൻ മരക്കാർ ഹാളിൽ നടന്ന  അവതരണത്തിൽ. ‘ഗോദോ ‘യിലെ രണ്ടു പ്രധാനപാത്രങ്ങളിൽ ഒരാളെ ഗോപി അവതരിപ്പിച്ചു. മറ്റേ ആളെ പി.കെ.വേണുക്കുട്ടൻ നായരും. ഈ നാടകവും ‘കൊടിയേറ്റ’ത്തിലേക്കുള്ള വഴിയിൽ ഗോപിക്ക് സഹായമായിട്ടുണ്ടാവാം. അതുകഴിഞ്ഞു ചിത്രലേഖയുടെ ചലച്ചിത്രപ്രദര്‍ശനങ്ങളിൽ വച്ചാണ് പിന്നീട് കാണുന്നത്. ആദ്യമൊക്കെ ദൂരെനിന്ന് നോക്കിനില്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചിരിയും കളിയുമൊന്നുമില്ലാതെ ഗൗരവത്തിലിരിക്കുന്ന ഈ മനുഷ്യനോട് എന്നെങ്കിലും അടുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ,വൈകാതെ അത് സംഭവിച്ചു.

മലയിന്‍കീഴിനടുത്തുള്ള പൊട്ടൻകാവ് എന്ന ഗ്രാമത്തിലായിരുന്നു  എന്റെ വീട്. നഗരത്തിൽ നിന്ന് 18 കിലോമീറ്റർ ദൂരെ. എം.എഫ്.തോമസ് അന്നേ എന്റെ സുഹൃത്താണ്. അദ്ദേഹം പൂജപ്പുരയിലായിരുന്നു താമസം. സിനിമ കഴിഞ്ഞാൽ ഞാനും തോമസും പൂജപ്പുരയിലേക്ക് നടക്കും. തോമസ് വീട്ടിലേക്കു പോകും. ഞാൻ ബസ് സ്റ്റോപ്പിൽ നിന്ന് കാട്ടാക്കടയ്ക്കുള്ള ബസ്സിൽ കയറും. അത് കൊണ്ട് എനിക്ക് ഒരു പ്രയോജനം കൂടിയുണ്ട്. വഴുതയ്ക്കാട് നിന്ന് കൊടുക്കുന്നതിനേക്കാൾ 20 പൈസ കുറച്ചുകൊടുത്താൽ മതി ബസ്സിന്. അങ്ങനെയൊരു ദിവസം സിനിമ കഴിഞ്ഞു ഞങ്ങൾ നടക്കാൻ തുടങ്ങുമ്പോൾ ഗോപി ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ഗോപി എവിടെ നിന്നാ ബസ്സിൽ കയറുന്നത്?’എന്ന് തോമസ് ചോദിച്ചു.
‘”അതല്ലേ പ്രശ്നം? രണ്ടു ബസ്സ് കയറണം. ഒന്നുകിൽ പൂജപ്പുര പോയിട്ട് അവിടെ നിന്ന് കരമനയ്ക്ക്. അല്ലെങ്കിൽ തമ്പാനൂർ പോയിട്ട് അവിടെ നിന്ന്.” അന്ന് ഗോപിയുടെ താമസം കരമനയിലായിരുന്നു. ചിത്രലേഖയുടെ പ്രദർശനങ്ങൾ നടക്കുന്ന വഴുതയ്ക്കാട് നിന്ന് കരമനയ്ക്ക് ത്രൂ  ബസ്സ് ഉണ്ടായിരുന്നില്ല.
“നിങ്ങളെങ്ങനെയാണ് പോകുന്നത്?”
ഞങ്ങൾ ഞങ്ങളുടെ യാത്രാമാർഗം പറഞ്ഞു. അത് പുള്ളിക്ക് വലിയ കൗതുകമായി. “അതുകൊള്ളാമല്ലോ. ഞാനും കൂടി നിങ്ങളുടെകൂടെ വന്നാൽ എനിക്ക് ഒറ്റ ബസ്സിൽ കയറിയാൽ മതിയല്ലോ.” അദ്ദേഹം ഞങ്ങളോടൊപ്പം നടന്നു.പിന്നെ അത് പതിവായി.

മാസത്തിൽ രണ്ടോ മൂന്നോ  ദിവസം ടാഗോറിൽ ചിത്രലേഖയുടെ സിനിമയുണ്ടാകും. സിനിമ കഴിഞ്ഞു ഞാനും ഗോപിയും തോമസും പൂജപ്പുരയിലേക്ക് നടക്കും. പൂജപ്പുരയെത്തുമ്പോൾ തോമസ് വീട്ടിലേക്കു പോകും. ഗോപി കരമനയ്ക്കുള്ള ബസ്സിൽ കയറും. ഞാൻ കാട്ടാക്കടയ്ക്കുള്ള ബസ് പിടിക്കും. ഈ നടത്തയിൽ അന്നുകണ്ട സിനിമയായിരിക്കും മുഖ്യ ചർച്ചാവിഷയം. ഒപ്പം,അതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലേക്കും കടന്നുപോകും. ഉദാഹരണമായി,കുറോസാവയുടെ ‘ഡൊഡെസ്‌കാഡെൻ ‘ ആണ് കണ്ടതെങ്കിൽ ഡൊഡെസ്‌കാഡെന്നിന്റെ പ്രത്യേകതകൾ ചർച്ച ചെയ്യുന്നതോടൊപ്പം ‘റാഷോമോണി’ലേക്കും ‘ഇക്കിറു’ വിലേക്കും ‘റെഡ് ബിയേർഡി ‘ലേക്കുമൊക്കെ സംഭാഷണം പടരും. മൂന്നു പേർക്കും ഏറെ സന്തോഷമായിരുന്നു ആ രാത്രിയാത്രകൾ. ഗോപിക്ക് ദേശീയ അവാർഡ് ലഭിക്കുകയും തിരക്കേറുകയും ചെയ്യുന്നതുവരെ ഞങ്ങളുടെ യാത്രകൾ നീണ്ടു.

 

കോണ്‍ടാക്ടിന്റെ പരിപാടിയില്‍ വിജയകൃഷ്ണന്‍ നടന്‍ രാഘവന്‍ ഒപ്പം ഭരത് ഗോപിയും

ഞാൻ ‘കോൺടാക്റ്റ് ‘എന്ന ടെലിവിഷൻ സംഘടനയുടെ പ്രസിഡന്റായിരുന്നപ്പോൾ ഗോപിക്ക് സംഘടനയിൽ വിശിഷ്ടാംഗത്വം നല്കി.ശാരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് അഭിനയത്തിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന ആ കാലത്ത്  ഞങ്ങൾ നടത്തിയ ശില്പശാലകളുടെയെല്ലാം ക്യാമ്പ് ഡയറക്ടറായി ഞാനദ്ദേഹത്തെ കൊണ്ടുപോയി. ഈ ശില്പശാലകളിൽ ഒട്ടെല്ലായ്പൊഴും ഞാൻ കൈകാര്യം ചെയ്തിരുന്ന വിഷയം .ചലച്ചിത്രചരിത്രമായിരുന്നു. രണ്ടു മണിക്കൂറിനുള്ളിൽ ചരിത്രത്തിന്റെ ഏകദേശരൂപം നല്കുന്ന ഈ ക്ലാസ്സുകൾ മിക്കപ്പോഴും ആവർത്തനമായിരുന്നു. ചരിത്രത്തിൽ വലിയ വളച്ചുകെട്ടലുകളൊന്നും സാധ്യമല്ലല്ലോ. ഈ ക്ലാസ്സുകൾ കേട്ടിരിക്കുമായിരുന്നു ഗോപി. രണ്ടുമൂന്നു പ്രാവശ്യം കഴിഞ്ഞപ്പോൾ ഗോപിയുടെ സാന്നിധ്യം എനിക്കല്പം അസ്വസ്ഥതയുണ്ടാക്കി. ഒരിക്കൽപ്പറഞ്ഞത് ആവർത്തിക്കുകയാണെന്ന് ഒരാൾ മനസ്സിലാക്കുമ്പോഴുണ്ടാവുന്ന ജാള്യത. ഞാനിക്കാര്യം ഗോപിയോട് തുറന്നുപറഞ്ഞു.
”ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതുതായി കേൾക്കുന്നതുപോലെയാണെന്റെ അനുഭവം. അല്ലെങ്കിൽ ഞാനത്രനേരം അങ്ങനെയിരിക്കുമോ?” എന്നായിരുന്നു മറുപടി. എന്നിട്ടദ്ദേഹം ചോദിച്ചു, “എങ്ങനെ വിജയകൃഷ്ണന് ഈ പേരുകളും തീയതികളുമൊക്കെ കൃത്യമായി ഓർത്തുവയ്ക്കാൻ കഴിയുന്നു?എനിക്കതൊന്നും ചിന്തിക്കാൻ കൂടി കഴിയില്ല.”

ഒരിക്കൽ ക്ലാസ്സിനിടയിൽ എനിക്കൊരു പേര് പറയുമ്പോൾ തെറ്റുപറ്റി. എഡിസൺ എന്ന് പറയേണ്ടിടത്ത് ന്യൂട്ടൺ എന്ന് പറഞ്ഞു. രണ്ടാം പ്രാവശ്യം ഈ പിശക് ആവർത്തിച്ചപ്പോൾ പെട്ടെന്നെനിക്കത് മനസ്സിലാവുകയും തിരുത്തുകയും ചെയ്തു. എന്നിട്ട് ഞാൻ ശ്രദ്ധിക്കുമ്പോൾ ഗോപി എന്നെ ഉറ്റുനോക്കുന്നു. അന്നത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, “നോക്കൂ, പ്രായം എന്നെ കീഴ്‌പ്പെടുത്തുകയാണ്.എനിക്ക് തെറ്റ് പറ്റി.”
ഗോപി എന്നെ സമാധാനിപ്പിച്ചു.”ഒരു തെറ്റൊക്കെ വരുന്നത് നല്ലതാണ്.നമുക്ക് അഹങ്കാരമുണ്ടാകാതിരിക്കാനും മറ്റുള്ളവർ കണ്ണുവയ്ക്കാതിരിക്കാനും.”

തിരുവനന്തപുരത്തെ ഒരു ശില്പശാലയിൽ ഒന്നുരണ്ടു കാസർകോടുകാർ പങ്കെടുത്തിരുന്നു. അവരുടെ ഉത്സാഹത്തിൽ കാസർകോട്ട് ഒരു ശില്പശാല സംഘടിപ്പിക്കപ്പെട്ടു.ഗോപിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഉൽക്കണ്ഠ കൊണ്ട് അങ്ങോട്ട് ക്ഷണിക്കാൻ ഞാൻ മടിച്ചു. ഇതറിഞ്ഞു ഗോപി തനിക്ക് യാത്ര ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും താൻ തന്നെ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തുകൊള്ളാമെന്നും എന്നോട് പറഞ്ഞു. കാസർകോടെത്തിയ ഗോപിക്ക് ശില്പശാലയിൽ ചെലവാക്കാൻ കുറച്ചുസമയമേ കിട്ടിയുള്ളൂ. പുതിയ ഫിലിം സൊസൈറ്റിയുടെ ഉദ്‌ഘാടനവും സ്വീകരണയോഗങ്ങളുമായി തിരക്കോടു തിരക്ക്. ആ തിരക്ക് തികച്ചും ആസ്വദിക്കുകയായിരുന്നു ഗോപി. അദ്ദേഹത്തിൻറെ ആഹ്‌ളാദം കണ്ടപ്പോൾ എനിക്കും സന്തോഷമുണ്ടായി.

ശില്പശാലയ്ക്കിടെ ഒരു ദിവസം ഗോപിയെ ചില പ്രമാണിമാർ ഒരു സല്ക്കാരത്തിന് ക്ഷണിച്ചു. സല്ക്കാരത്തിനിടയിൽ ഗോപിയോടൊരു കാര്യം പറയാനായി ഞാനങ്ങോട്ടു ചെന്നു.
“ഇത് വിജയകൃഷ്ണൻ” ആതിഥേയർക്കെന്നെ പരിചയപ്പെടുത്തി.
”എന്തു ചെയ്യുന്നു?” അവരിലൊരാൾ എന്നോട് ചോദിച്ചു.
ആ ചോദ്യം ഗോപിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
“വിജയകൃഷ്ണൻ ആരെന്നു നിങ്ങൾക്കറിയില്ലേ ?”എന്ന അരിശം പുരണ്ട ചോദ്യം കേട്ട് ആതിഥേയർ അമ്പരന്നു. ഗോപിയെ ശാന്തനാക്കാൻ വേണ്ടി ഞാനിടപെട്ടു.
“ഞാൻ നടനോ പോപ്പുലർ സംവിധായകനോ ഒന്നുമല്ലല്ലോ. അവരെങ്ങനെ അറിയാനാണ്?”പക്ഷേ ഗോപി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല.
സൽക്കാരത്തിന് താളപ്പിഴ സംഭവിച്ചതിൽ വിഷണ്ണനായാണ് ഞാനവിടെനിന്നു മടങ്ങിയത്.

പക്ഷാഘാതത്തിന്റെ തീവ്രതയിൽ നിന്ന് ഒട്ടൊക്കെ മോചിതനായിത്തുടങ്ങിയ കാലത്ത് ക്യാമറയ്ക്കുമുന്നിൽ വരാനുള്ള ആഗ്രഹം അദ്ദേഹം സ്വകാര്യമായി പങ്കുവച്ചിരുന്നു .പ്രശസ്‌ത മലയാള കഥാകൃത്തുക്കളുടെ കഥകൾ ചേർത്ത് ‘കഥാസംഗമം’എന്ന സീരിയൽ തയാറാക്കുന്ന വേളയിൽ അതിനൊരാമുഖം അവതരിപ്പിക്കുന്നതിന് ഞാൻ ഗോപിയെ ക്ഷണിച്ചു. രോഗബാധിതനായശേഷം അദ്ദേഹം ക്യാമറയ്ക്കുമുന്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സന്ദര്‍ഭമായിരുന്നു അത്. വെറുമൊരവതരണം മാത്രമാണ് ഷൂട്ട് ചെയ്തതെങ്കിലും അത് തനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനുതകി എന്ന് ഗോപി എന്നോട് പറഞ്ഞു.ആ അവതരണത്തിന് ഒരു പ്രതിഫലം നല്കാൻ ഞാനൊരുങ്ങിയെങ്കിലും സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല.
“എന്നെങ്കിലും വലിയൊരു വർക്ക് ചെയ്യുമ്പോൾ ഞാൻ പ്രതിഫലം വാങ്ങിക്കൊള്ളാം”എന്നാണദ്ദേഹം പറഞ്ഞത്.
വലിയ വർക്കൊന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വർഷങ്ങൾക്കുശേഷം ഒരു ടെലിസിനിമയിൽ അദ്ദേഹം അഭിനയിക്കാനെത്തിയപ്പോൾ പ്രതിഫലം നല്കാൻ കഴിഞ്ഞു. അമൃത ടി.വി.ക്കു വേണ്ടി ചെയ്ത ‘കിളിവാതിൽക്കാറ്റാ’യിരുന്നു ചിത്രം. വാഗമണ്ണിലായിരുന്നു ചിത്രീകരണം. തന്റെ വർക്ക് കഴിഞ്ഞശേഷം മടക്കയാത്രയ്ക്ക് മുൻപായി കിട്ടിയ ഒഴിവുസമയത്ത് ഷൂട്ടിങ് സ്ഥലത്ത് വെറുതേ വന്നുനില്ക്കാൻ ഗോപി ആഗ്രഹം പ്രകടിപ്പിച്ചു .വാഗമണ്ണിലെ മൊട്ടക്കുന്നിലായിരുന്നു ചിത്രീകരണം. ഷൂട്ടിങ് തുടങ്ങുമ്പോഴേക്ക് മഴ കോരിച്ചൊരിഞ്ഞു. മൊട്ടക്കുന്നിൽ മഴയിൽനിന്നു രക്ഷപ്പെടാൻ മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. കൈവശമുണ്ടായിരുന്ന ടാർപോളിൻ കൊണ്ട് ലൈറ്റ്ബോയ്സ് ഒരു കൂടാരമുണ്ടാക്കി. അതിനുള്ളിൽ എല്ലാവരും കൂടിനിന്നു. ഗോപിയെ ഞാൻ ഒത്ത മധ്യത്തിലാക്കി. എന്നിട്ടും ശക്തിയായ കാറ്റ് വീശിയപ്പോൾ ടാർപോളിൻ ഇളകി മഴത്തുള്ളികൾ ഉള്ളിലേക്ക് വീണു. ഗോപിയും നനഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഭാഗ്യവശാൽ,ആ മഴകൊണ്ട് അദ്ദേഹത്തിന് ഒരു ജലദോഷം പോലുമുണ്ടായില്ല.

എഴുപതുകളിൽ പേര് പറഞ്ഞാണ് ഞാനദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. പില്ക്കാലത്ത് ‘ചേട്ടാ’എന്നായി. ഈ മാറ്റം അദ്ദേഹം ശ്രദ്ധിച്ചതായി തോന്നിയില്ല. ഏറെക്കാലം കഴിഞ്ഞു വെടി പറഞ്ഞിരിക്കുന്ന ഒരു വേളയിൽ അദ്ദേഹം എന്നോട് ചോദിച്ചു, “വിജയകൃഷ്ണൻ പണ്ടെന്നെ  പേര് വിളിക്കുകയായിരുന്നല്ലോ പതിവ്. പിന്നീട് ചേട്ടനെന്നാക്കാൻ എന്താ കാരണം?”
“അന്ന് എനിക്ക് ഗുരുത്വം കുറവായിരുന്നു.പ്രായമേറിയപ്പോൾ പക്വത വന്നു.”
അതുകേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

ഒരു ജീവിതത്തിൽ രണ്ടുമരണങ്ങൾ സംഭവിക്കുകയെന്ന വിചിത്രവിധിക്ക് ഇരയായിത്തീർന്ന അസാധാരണമനുഷ്യനാണ് ഭരത് ഗോപി. ഈ രണ്ടു മരണങ്ങളിൽ ഏതാണ് കൂടുതൽ വേദനാകരം? ശാരീരികക്ഷമതയുടെ ആ മരണത്തെ തന്നെ എന്നാണ് ഞാൻ കരുതുന്നത്. ശരീരത്തിലെ ഓരോ അംഗവും, ഓരോ പേശിയും അഭിനയത്തിന് ആയുധമാക്കുന്ന ഒരു നടന് അതിൽപ്പാതിയും നിശ്ചലമായിക്കഴിയുമ്പോഴുണ്ടാവുന്ന മഹാശോകത്തിന്റെ ആഴം ഏതു മരണത്തിനാണുണ്ടാവുക?

ഗോപി എന്ന നടന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ എൺപതുകളിലെ മലയാളസിനിമ മറ്റൊന്നാകുമായിരുന്നു.ഭരതൻ, കെ.ജി.ജോർജ്, പദ്മരാജൻ തുടങ്ങിയ സംവിധായകർക്ക് വ്യത്യസ്തമായ പല ഇതിവൃത്തങ്ങളും കൈകാര്യം ചെയ്യാൻ ധൈര്യം പകർന്നത് ഗോപിയുടെ സാന്നിധ്യമായിരുന്നു.അഭിനയമേന്മയുടെ ഉച്ചകോടിയിൽ വച്ചാണ് ഗോപിക്ക് ശാരീരികാഘാതമുണ്ടാകുന്നത്.എൺപതുകളുടെ ആദ്യപകുതിയെ ചൈതന്യധന്യമാക്കിയ സംവിധായകർക്ക് എത്രയോ പദ്ധതികളാണ് ഗോപിയുടെ ദുരന്തം മൂലം വഴിയിലുപേക്ഷിക്കേണ്ടി വന്നത്! അത് സൃഷ്ടിച്ച ശൂന്യത മലയാളസിനിമയ്ക്ക് അനുഭവിക്കേണ്ടിവന്നു.

No comments yet.

Leave a Comment