തബലയില്‍ താളബ്രഹ്മമൊരുക്കുന്ന അയ്യപ്പന്‍ യഥാര്‍ഥജീവിതത്തില്‍ കൊടുംക്രൂരതയുടെ പകര്‍ന്നാട്ടമാണ്. മദ്യവും സ്ത്രീയുമാണ് അയ്യപ്പന്റെ ദൗര്‍ബല്യം. ഇതു രണ്ടും സ്വന്തമാക്കാന്‍ വേണ്ടി അയാള്‍ ക്രൂരതയുടെ ഏതറ്റം വരെയും പോകും. ഒടുവില്‍ സ്ത്രീയുടെ കയ്യില്‍ തന്നെ അയ്യപ്പന്റെ ജീവിതമൊടുങ്ങുന്നു.
അയ്യപ്പന്റെ തിരോധാനത്തില്‍ നിന്നുമാണ് യവനിക തുടങ്ങുന്നത്. അയ്യപ്പനെ കൊന്ന പ്രതിയെ കണ്ടത്തുന്നതോടെ അവസാനിക്കുന്നു. അയ്യപ്പന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഈരാളി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മ്മത ചിത്രത്തെ ആദിമദ്യാന്തം ഉദ്വേഗജനകമാക്കുന്നു. കുറ്റവാളിയെ കണ്ടെത്താന്‍ ഈരാളി സഞ്ചരിക്കുന്ന വഴികള്‍ പൊലീസ് അന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍ അനാവരണം ചെയ്തു. തബലിസ്റ്റ് അയ്യപ്പനായി ഭരത്‌ഗോപിയും അയ്യപ്പനെ കൊല്ലുന്ന രണ്ടാംഭാര്യ രോഹിണിയായി ജലജയും ഈരാളിയായി മമ്മൂട്ടിയും കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതിപുലര്‍ത്തിയപ്പോള്‍ കഥയുടെ പശ്ചാത്തലത്തിലെ സൂക്ഷ്മതകള്‍ പോലും ചോര്‍ന്നുപോകാതെ ചിത്രം പകര്‍ത്തിയെടുക്കാന്‍ കെ ജി ജോര്‍ജിനു കഴിഞ്ഞു. ഈ ചിത്രത്തില്‍ രോഹിണിയുമായി അയ്യപ്പന്‍ തന്റെ വീട്ടിലേക്ക് വരുന്ന ആദ്യരംഗമുണ്ട്. രോഹിണിക്ക് വീടു പരിചയപ്പെടുത്തിയതിനുശേഷം അയ്യപ്പന്‍ പിറകില്‍ മാത്രം വളര്‍ന്നിറങ്ങിക്കിടക്കുന്ന തന്റെ തലമുടി ചീകുന്നു. ആയാസപ്പെട്ട് കുനിഞ്ഞ് നിന്ന് കണ്ണാടിയില്‍ നോക്കിയാണ് മുടി ചീകുന്നത്. അയ്യപ്പന് സമാന്തരമല്ല കണ്ണാടി. മറിച്ച് അയാളില്‍ നിന്നും താഴെയാണ്. അയ്യപ്പന്റെ വീട്ടില്‍ സ്ത്രീകള്‍ നിത്യസന്ദര്‍ശകരാണെന്ന് ഈ ഒറ്റരംഗം കൊണ്ട് വ്യക്തമാകുന്നു. യവനിക സംവിധാനം ചെയ്തപ്പോള്‍ കെ ജി ജോര്‍ജ് കാണിച്ച സൂക്ഷ്മതയ്ക്ക് ഉത്തമ ഉദാഹരണമാണ് ഈ രംഗം.
നാടകത്തിനുള്ളിലെ അസംബന്ധനാടകമാണ് ജീവിതം എന്നതാണ് യവനിക നല്‍കുന്ന സന്ദേശം. യവനികയെ അനുകരിക്കാന്‍ മറ്റൊരു ചിത്രത്തിനും കഴിയില്ല. അക്കാലത്തെ ഗ്‌ളാമര്‍താരങ്ങളില്ലാതെയിറങ്ങിയ വ്യത്യസ്തമായ ഈ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി സില്‍വര്‍ജൂബിലി ആഘോഷിച്ചു. ഇവനൊരു സിംഹം എന്ന പ്രേംനസീര്‍-ഷാനവാസ് ചിത്രത്തോടൊപ്പമാണ് യവനിക റിലീസ് ചെയ്തത്. എന്നാല്‍ പ്രേംനസീര്‍ ചിത്രത്തേക്കാള്‍ കളക്ഷന്‍ നേടിയത് യവനികയാണ്. മാറ്റം ഇഷ്ടപ്പെടുന്ന പ്രേക്ഷകമനസ്സാണ് യവനിക എന്ന ക്‌ളാസിക് ചിത്രത്തിന് സാമ്പത്തികവിജയം നേടിക്കൊടുത്തത്.
No comments yet.
Leave a Comment